തൃശ്ശൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വര്‍ണവും പണവും മൊബൈലുമാണ് കവര്‍ന്നത്. ജോലികഴിഞ്ഞ് എറണാകുളത്ത് നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രണവ്. ഗൂഗിള്‍ മാപ്പുപയോഗിച്ചതിനാല്‍ വടക്കാഞ്ചേരി ഭാഗത്തേക്ക് താണിക്കുടം വഴിയായിരുന്നു പോയിരുന്നത്. പാനൂരെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രണവിന്റെ മൊബൈലും വാച്ചും സ്വര്‍ണമാലയും പേഴ്സിലുണ്ടായിരുന്ന 1500 രൂപയും കൈക്കലാക്കുകയായിരുന്നു. കാറിന്റെ ടയറിന്റെ കാറ്റ് കുത്തിവിടുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞെത്തിയ പൊലീസ് പ്രണവുമൊന്നിച്ച് സ്റ്റേഷനിലേക്ക് വരും വഴി പ്രതികളിലൊരാളായ അനുരാജ് ബൈക്കില്‍ പോകുന്നത് കണ്ടു. തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.