കീവ്: തെക്കൻ യുക്രെയ്നിലും മറ്റുമായി റഷ്യൻ അധീനതയിലുള്ള മേഖലകളിൽ യുക്രെയ്ന്റെ മിസൈൽ ആക്രമണം. സ്വയംപ്രഖ്യാപിത മേഖലയായ ഡൊണെറ്റ്സ്കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ഉൾപ്പെടെ ആക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച മുതൽ മെലിറ്റോപ്പോളിനുനേർക്ക് യുക്രെയ്ൻ മിസൈൽ ആക്രമണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈമിയയിലെയും മറ്റും ആക്രമണ വിവരം പുറത്തുവരുന്നത്. മെലിറ്റോപോളിനുനേർക്ക് നാലു മിസൈലുകളാണ് വന്നതെന്ന് ഭരണകൂടം പറയുന്നു. രണ്ടു പേർ മരിക്കുകയും 10 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ക്രൈമിയൻ നഗരമായ സിംഫെറോപോളിൽ പ്രാദേശികസമയം ശനി രാത്രി ഒന്‍പതിനായിരുന്നു ആക്രമണം. കരിങ്കടലിലെ റഷ്യൻ സേനയുടെ ആസ്ഥാനമായ സെവാസ്റ്റോപോൾ, സോവിയറ്റ്സ്കെയിലെ സൈനിക ബാരക്കുകൾ, ഹ്വാർഡിസ്കെ, ഴാൻകോയ്, ന്യഴ്നിയോഹിർസ്കി എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. സംഭവത്തിൽ യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച യുക്രെയ്നു നേർക്ക് റഷ്യയുടെ മിസൈൽ ആക്രമണം ശക്തമാക്കിയിരുന്നു.
അതേസമയം, യുദ്ധതന്ത്രം പരിതാപകരമായതിനാൽ യുക്രൈനിലെ റഷ്യൻ സൈനികർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോടും സൈനിക മേധാവികളോടും അതൃപ്തിയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റഷ്യൻ ബ്ലോഗറെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോർട്ട് തയ്യാറാക്കിയത്. പുടിൻ യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കാൻ ഉത്തരവിട്ട് ഏകദേശം 10 മാസങ്ങൾ പിന്നിട്ടിട്ടും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന യുദ്ധം അവസാനിച്ചിട്ടില്ല.
2014-ൽ ക്രിമിയ പിടിച്ചെടുക്കാനും തുടർന്ന് കിഴക്കൻ യുക്രെയ്നിൽ റഷ്യൻ അനുകൂല മിലിഷ്യകളെ സംഘടിപ്പിക്കാനും സഹായിച്ച മുൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉദ്യോഗസ്ഥനുമായ ഇഗോർ ഗിർകിനും, ഉന്നത ഉദ്യോഗസ്ഥരോട് അതൃപ്തിയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ യുദ്ധത്തെക്കുറിച്ച് വിശകലനം ചെയ്യുന്ന ഒരു 90 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ, റഷ്യൻ സൈന്യത്തിന്‍റെ നവീകരണവും വിജയകരമായ സൈനിക പ്രചാരണത്തിന് നേതൃത്വം നൽകാൻ കഴിവുള്ള ആളുകളെ ഉൾപ്പെടുത്തേണ്ടതും ആവശ്യമാണെന്നും ഗിർക്കിൻ പറഞ്ഞു.
പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനോടും പുടിനോടും പോലും തങ്ങളുടെ അതൃപ്തിയെക്കുറിച്ച് സൈന്യത്തിന്റെ മധ്യനിരയിലുള്ള ചിലർ തുറന്ന് പറഞ്ഞതായി ഗിർക്കിൻ പറഞ്ഞു. സഖ്യകക്ഷിയായ ഷൊയ്ഗുവിനെ ആവർത്തിച്ച് വിമർശിച്ച ഗിർക്കിന്റെ പരാമർശങ്ങളെക്കുറിച്ച് റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചില്ല.