ന്യൂഡൽഹി: 500 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ട് എയർ ഇന്ത്യ. ഇത് സംബന്ധിച്ച കരാറിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് 500 ജെറ്റ് ലൈനറുകൾ വാങ്ങും. പദ്ധതിക്ക് 100 ബില്യൺ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്നു.
സിംഗപ്പൂർ എയർലൈൻസിന്‍റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര കഴിഞ്ഞ ദിവസം എയർ ഇന്ത്യയുമായി ലയിച്ചിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറായും 218 വിമാനങ്ങളുള്ള രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറായും എയർ ഇന്ത്യ മാറി. ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനി ഇൻഡിഗോയാണ്.
എയർബസ് എ350, ബോയിങ് 787, ബോയിങ് 777 തുടങ്ങിയവയും എയര്‍ ഇന്ത്യ വാങ്ങുന്നവയിൽ ഉൾപ്പെടും. വരുന്ന ദിവസങ്ങളിൽ ഇടപാട് യാഥാർഥ്യമാകുമെന്നാണ് വിവരം. അതേസമയം, എയർബസും ബോയിങ്ങും ടാറ്റ ഗ്രൂപ്പും വാർത്തയോടു പ്രതികരിക്കാൻ വിസമ്മതിച്ചു.
1932ൽ ജെആർഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യ 1953ൽ ദേശസാൽക്കരിക്കുകയായിരുന്നു. ഈ ജനുവരിയിലാണ് ടാറ്റയ്ക്ക് എയർ ഇന്ത്യയിൽ നിയന്ത്രണം ലഭിച്ചത്.