കൊച്ചി : ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണമെന്നും നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്നുമായിരുന്നു വിമര്‍ശനം.
അതേസമയം, കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വിഡി സതീശനും കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിലപാടില്‍ വ്യക്തത വന്നില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും ഗവര്‍ണ്ണറെയും ഒരു പോലെ എതിര്‍ക്കണമെന്നും യോഗം വിലയിരുത്തി. തരൂര്‍ വിഷയവും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ചര്‍ച്ചചെയ്തു. തരൂരിനെ കൂടി ഉള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനു നേരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കുര്യന്‍ പുസ്തകപ്രകാശനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് ശരിയായില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.