ന്യൂ ഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മുകേഷ് അഗ്‌നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ സാന്നിധ്യത്തില്‍ ഷിംലയില്‍ നടന്ന ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും പങ്കെടുത്തു.
#WATCH | Congress leader Sukhwinder Singh Sukhu takes oath as Himachal Pradesh CM, in presence of Congress President Mallikarjun Kharge and party leaders Rahul Gandhi and Priyanka Gandhi Vadra, in Shimla pic.twitter.com/WQDWtKfQyR
— ANI (@ANI) December 11, 2022
മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതല്‍ പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോണ്‍ഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങള്‍ക്കും ഗാന്ധി കുടുംബത്തിനും പ്രഖ്യാപനത്തിന് പിന്നാലെ സുഖ്വിന്ദര്‍, നന്ദിയറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.
ഹിമാചലിലെ ഹാമിര്‍പുരിലെ നഡൗനില്‍നിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്വിന്ദര്‍. 40ല്‍ 25 എംഎല്‍എമാരും സുഖ്വിന്ദറിനാണു പിന്തുണ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയായ സുഖ്വിന്ദര്‍, കോണ്‍ഗ്രസ് സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 40 വര്‍ഷമായി ഹിമാചല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങള്‍ക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയര്‍ന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎല്‍എമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവര്‍ ഹിമാചല്‍ പ്രദേശില്‍പെട്ട സിര്‍മൗര്‍, ഹമിര്‍പുര്‍, ബിലാസ്പൂര്‍, സോലന്‍ തുടങ്ങിയ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് സുഖു.