കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സോഹന്‍ സീനുലാല്‍. അങ്ങനെ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ഷൈനിന്റെ പെരുമാറ്റത്തില്‍ നിന്നും ക്യാബിന്‍ ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിനു പിന്നിലെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു.
ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്‌ലൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. ആ സമയത്ത് ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ നോക്കി. മലയാളികള്‍ക്കറിയാം ഷൈനിന്റെ ഒരു രീതി. പെട്ടന്ന് എണീറ്റ ഷൈന്‍ അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന്‍ ക്രൂ കരുതിയത് ഷൈന്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നുവെന്നാണ്. എന്നാല്‍ കോക്ക്പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല അതിന്റെ കാര്യം അദ്ദേഹത്തിന് ഇല്ലല്ലോ. ഇത് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടുമൊക്കെ പറഞ്ഞു മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. അടുത്ത ഫ്‌ലൈറ്റില്‍ ഷൈന്‍ കൊച്ചിയിലെത്തുമെന്നും സോഹന്‍ വ്യക്തമാക്കി.
അതേസമയം, സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടിയാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോ ദുബൈയില്‍ എത്തിയത്. ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ട ശേഷം മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.