വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ഒറിയോണ്‍ പേടകം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. ഇന്ത്യന്‍ സമയം രാത്രി 11.09ന് സാന്‍ഡിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാണ് ഒറിയോണ്‍ പേടകം ഇറങ്ങുന്നത്. യു.എസ് നേവിയുടെ യു.എസ്.എസ് പോര്‍ട്ട്ലന്‍ഡ് കപ്പല്‍ ഒറിയോണിനെ കടലില്‍ നിന്ന് വീണ്ടെടുക്കും.
അതേസമയം, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ആളില്ലാപ്പേടകമായ ഒറിയോണ്‍ സുരക്ഷിതമായി തിരിച്ചിറങ്ങിയാല്‍ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. 25 നാള്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒറൈയോണ്‍ പേടകം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തുന്നത്.