പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്. കടുകമണ്ണ ഊരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. സുമതി മുരുകന്‍ എന്ന യുവതിയെയാണ് അര്‍ദ്ധരാത്രിയില്‍ ബന്ധുക്കള്‍ കാട്ടിലൂടെ മൂന്നര കിലോമീറ്ററോളം ചുമന്നത്.
യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടെങ്കിലും റോഡ് മോശമായതിനാല്‍ ഇവിടേക്ക് എത്താനായില്ല. രാത്രി ആനയിറങ്ങുന്ന പ്രദേശം കൂടിയായതിനാല്‍ സ്വകാര്യ വാഹനങ്ങളും കിട്ടിയില്ല. അതേസമയം, റോഡിന്റെ മോശം അവസ്ഥമൂലം ആനവായ് എന്ന പ്രദേശം വരെയാണ് ആംബുലന്‍സിന് എത്താന്‍ കഴിഞ്ഞത്. കടുകമണ്ണ ഊരില്‍ നിന്ന് ആനവായ് വരെ മൂന്നര കിലോമീറ്ററോളം യുവതിയെ ബന്ധുക്കള്‍ ചുമന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു.