ദോഹ: ഖത്തർ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽനിന്ന് പുറത്ത്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനലിലാണ് സൂപ്പർതാരം ബെഞ്ചിലായത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയും ക്രിസ്റ്റ്യാനോ പകരക്കാരുടെ ബെഞ്ചിലായിരുന്നു.
ക്രിസ്റ്റ്യാനോയ്ക്കു പകരക്കാരനായി ഇറങ്ങി ഹാട്രിക് സ്വന്തമാക്കിയ ഗോൺസാലോ റാമോസ് തന്നെയാണ് ഇന്നും പോർച്ചുഗലിന്റെ മുന്നേറ്റം നയിക്കുക. ബ്രൂണോ ഫെർണാണ്ടസ്, ബെർനാർഡോ സിൽവ, ജാവോ ഫിലിക്സ് എന്നിവർ റാമോസിന് പിന്തുണ നൽകും. ടീമുകളുടെ ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുടീമുകളും 4-3-3 ഫോർമാറ്റിലാണ് കളിക്കുന്നത്.
സിറ്റ്സർലൻഡിനെതിരായ മത്സരത്തിലെ ടീമിൽ ഒരു മാറ്റമാണ് സാന്റോസ് വരുത്തിയിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡിൽ വില്യം കാർവാലോയ്ക്ക് പകരം റൂബൻ നെവ്സിനെ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം ജാവോ കാൻസലോ റൊണാൾഡോയ്ക്കൊപ്പം ഇന്നും ബെഞ്ച് പങ്കിടും.
ഇന്നത്തെ സുപ്രധാന മത്സരത്തിൽ മൊറോക്കോ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നയേഫ് അഗേർഡും നൗസൈർ മസ്റോവിയും പരിക്ക് മൂലം ആദ്യ ഇലവനിൽനിന്നും പുറത്തായി. സെന്റർ ബാക്കിൽ വെസ്റ്റ് ഹാം ഡിഫൻഡറിന് പകരം ജവാദ് എൽ യാമിക് കളിക്കും. ബയേൺ മ്യൂണിക്ക് താരത്തിന് പകരം യഹ്യ അത്തിയാത് ലെഫ്റ്റ് ബാക്കിൽ ഇറങ്ങും.
പോർച്ചുഗൽ ഇലവൻ
കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബൻ ഡിയാസ്, റാഫേൽ, റൂബൻ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെർണാണ്ട്, ബർണാഡോ സിൽവ, ജാവോ ഫെലിക്‌സ്, ഗോൺസാലോ റാമോസ്
മൊറോക്കോ ഇലവൻ
യാസിൻ ബൗനോ, അഷ്‌റഫ് ഹക്കീമി, സുഫിയാൻ അമ്രബാത്, റൊമൈൻ സെസ്സ്(ക്യാപ്റ്റൻ), ജാവേദ് അൽ യാമിഖ്, യഹ്‌യാ അതിയത്തുല്ലാഹ്, അസ്സെദ്ദീൻ ഔനാഹി, സലേം അമെല്ലാഹ്, ഹകീം സിയെച്ച്, സൊഫിയാനെ ബൗഫൽ, യൂസ്സെഫ് എൻ നെസൈരി.