ഷിംല: മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. മുകേഷ് അഗ്നിഹോത്രിയാണ് ഉപമുഖ്യമന്ത്രി. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. സുഖ്‌വിന്ദറിന്റെ പേരാണു ഹൈക്കമാൻഡ് അംഗീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോൺഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും പ്രഖ്യാപനത്തിന് പിന്നാലെ സുഖ്‍വിന്ദർ, നന്ദിയറിയിച്ചു. സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.
ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
40 വർഷമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങൾക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയർന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎൽഎമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗർ, ഹമിർപുർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് സുഖു.
അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെ ഏത് രീതിയിലാകും അനുനയിപ്പിക്കുകയെന്നതിൽ വ്യക്തതയായിട്ടില്ല.