ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
അത്‌ലറ്റിക് കരിയറില്‍ നൂറിലേറെ ദേശീയ- അന്താരാഷ്ട്ര മെഡലുകള്‍ വാരിക്കൂട്ടിയ കോഴിക്കോട് പയ്യോളിയിലെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ ട്രാക്കില്‍നിന്ന് വിരമിച്ചശേഷം യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കിവരുകയായിരുന്നു. നിലവില്‍ രാജ്യസഭാംഗമാണ്.
പയ്യോളി എക്‌സ്പ്രസ് എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന ഉഷയ്ക്ക് 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് വെങ്കലമെഡല്‍ നഷ്ടമായത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒട്ടേറെ മെഡലുകള്‍ നേടി. 1985-ലും 1986 -ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവി വഹിച്ചിരുന്നു. 2022 ജൂലായിലാണ് രാജ്യസഭാംഗമായത്.