തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. വെള്ളായണിയിലാണ് സംഭവം. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ വിദ്യ എന്ന ആള്‍ദൈവവും സംഘവും 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്. വെള്ളായണി കൊടിയില്‍ വീട്ടില്‍ വിശ്വംഭരനും മക്കളുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരന് കളിയിക്കാവിളയിലെ ആള്‍ദൈവമായ വിദ്യയേയും സംഘത്തേയും സമീപിക്കുന്നത്. തുടര്‍ന്ന് 2021 ല്‍ വിദ്യയും നാലംഗ സംഘവും ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. എന്നാല്‍ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് ഇവര്‍ കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നും മറുപടി വന്നു. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ വീട്ടുകാര്‍ തന്നെ അലമാര തുറന്നു നോക്കിയപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് മനസിലായത്.