തിരുവനന്തപുരം: ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ആന്റ് ആൻറ്റി കറപ്ഷൻ ബ്യൂറോ. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ കത്ത് നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
തച്ചങ്കരിയെ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. പാലക്കാട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് തച്ചങ്കരിയെ വിജിലൻസ് റിപ്പോർട്ടിൽ കുറ്റവിമുക്തനാക്കിയത്. തച്ചങ്കരിക്കെതിരെ തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങിയ ശേഷം കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.