കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞമാസം 29-ാം തീയതിയാണ് ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതൽ നാലു ദിവസം വിദ്യാർഥിനി ക്ലാസ്സിലിരുന്നു. അഞ്ചാം ദിവസം മുതൽ വിദ്യാർഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതർ മനസിലാക്കുന്നത്.
നാലു ദിവസം ക്ളാസിലിരുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. പ്രവേശന പട്ടികയിൽ ഇല്ലാത്ത കുട്ടിയുടെ പേര് പക്ഷെ ഹാജർ ബുക്കിൽ ഉണ്ടായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചെന്ന് വിദ്യാർഥി വാട്സ്ആപ്പിൽ മറ്റുള്ളവർക്ക് സന്ദേശം അയച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
അതേസമയം വിദ്യാർഥിനി മൂന്ന് ദിവസമാണ് ക്ലാസ്സിലിരുന്നതെന്നും അഡ്മിറ്റ് കാർഡ് നൽകിയിരുന്നില്ലെന്നുമാണ് സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ കെ.ജി സജിത് കുമാറിന്റെ പ്രതികരണം. രണ്ടാം ഘട്ട അലോട്മെന്റിലാണ് വിദ്യാർഥിനി വന്നതെന്നും രാവിലെ കുട്ടികൾ ഒരുമിച്ചു വന്നപ്പോൾ താല്കാലികമായി പേര് എഴുതുകയായിരുന്നുവെന്നും വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു
അതേസമയം, സംഭവത്തിൽ ദുരൂഹതയേറെയാണെന്ന് പൊലീസ് പറയുന്നു. കുട്ടിയെ അനധികൃതമായി ക്ളാസില്‍ ഇരുത്തിയതിന് പിന്നില്‍ ആര്‍ക്കല്ലൊം പങ്കുണ്ടന്നില് അന്വേഷണം പുരോഗമിക്കുന്നതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.