തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 50 കോടി അനുവദിച്ചു. ബാക്കി തുക ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെ കണ്ടെത്താനാണ് നീക്കം. ഡിസംബർ ഒമ്പതാം തീയതിയായിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നവംബറിലെ ശമ്പളം നൽകിയിരുന്നില്ല. ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യാനാണ് ശ്രമം.
നവംബറിലെ ശമ്പളം നൽകാൻ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നേരത്തെ തന്നെ ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഈ ഫയൽ ധനമന്ത്രി ഇന്നാണ് ഒപ്പിട്ട നൽകിയത്. ഇതിനിടെ, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി എല്ലാ മാസവും സര്‍ക്കാര്‍ നല്‍കിയിരുന്ന സഹായം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തത് മീഡിയവണ്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ 50 കോടി രൂപ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ സാങ്കേതികത്വത്തെ ചാരി നിയമസഭയിൽ ഉത്തരം പറയാതെ ഗതാഗത മന്ത്രി ആന്റണി രാജു ഒഴിഞ്ഞു മാറിയിരുന്നു. ചോദ്യോത്തരവേളയിൽ എം. വിൻസെന്റാണ് ചോദ്യമുന്നയിച്ചത്. 200 കോടിയിലേറെ പ്രതിമാസ കലക്ഷനുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരുമാസം മാത്രമാണ് പാലിച്ചതെന്നുമായിരുന്നു വിൻസെന്റിന്റെ വിമർശനം.
എന്നാൽ, സഭയിൽ മറുപടി നൽകാൻ നിശ്ചയിച്ചിട്ടുള്ളത് സ്വിഫ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണെന്നും ജീവനക്കാരുടെ ശമ്പള ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ശമ്പള വിഷയത്തിലെ മറുപടി വേണമെങ്കിൽ പ്രത്യേകം ചോദ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കം സഭയിലുണ്ടായിരിക്കെയാണ് മന്ത്രിയുടെ വിശദീകരണം.