ന്യൂഡൽഹി: ഡൽഹിയിൽ പൊതുശുചിമുറിയിൽ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഷഹ്ദാരയിലെ ജിൽമിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ചേരിയിലായിരുന്നു സംഭവം. ചേരിയിൽ തന്നെ താമസിക്കുന്ന കുട്ടിയാണ് മരിച്ചത്.
ശരീരത്തിൽ മുറിവേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കുട്ടിയുടെ അടിവസ്ത്രവും ബിസ്ക്കറ്റ് പാക്കറ്റുകളും കുറച്ച് പണവും മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ 15 രൂപ നൽകി അമ്മ കുട്ടിയെ ബിസ്ക്കറ്റ് വാങ്ങാൻ പറഞ്ഞയച്ചതായിരുന്നു. എന്നാൽ അരമണിക്കൂറിനുശേഷം, ചേരിയിലെ പൊതുശുചിമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചേരിയിൽ താമസിക്കുന്നൊരാളാണ് മൃതദേഹം കണ്ടത്. ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
“ഈ വിഷയത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല, കാരണം മരണത്തിന്റെ യഥാർത്ഥ കാരണം ഞങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, അത് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ,” മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ചേരി ക്ലസ്റ്ററിന് സമീപം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നും എന്നാൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പറഞ്ഞു.