തിരുവനന്തപുരം: രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപിയുടെ ആശിർവാദത്തോടെ ആംആദ്മി പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തോൽവിക്ക് കാരണമായതെന്ന് കെ സുധാകരൻ വ്യക്തമാക്കി.
വർഗീയ ഫാസിസ്റ്റ് ഭരണത്തിൽനിന്ന് രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയം. ഭരണത്തിന്റെ തണലിൽ ബി.ജെ.പി ഉയർത്തിയ വെല്ലുവിളികളെയും പ്രസിസന്ധികളെയും അതിജീവിച്ച് ഹിമാചൽ പ്രദേശിൽ തിളക്കമാർന്ന വിജയം നേടിയ സഹപ്രവർത്തകരെ അഭിനന്ദിക്കുന്നു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന വിമർശകരുടെ വായടപ്പിക്കാൻ കഴിയുന്ന വിജയമാണ് ഹിമാചൽ പ്രദേശിലേത്.
കോർപ്പറേറ്റ് മാധ്യമങ്ങൾ ഉൾപ്പെടെ ബി.ജെ.പിക്കാണ് ജയസാധ്യത പ്രഖ്യാപിച്ചത്. കോൺഗ്രസ് ഉയർത്തിയ കർഷക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഇവിടെ ചർച്ചയായതും കോൺഗ്രസിന്റെ വിജയത്തിന് കാരണമായി. വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട സാഹചര്യം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി നേർക്ക് നേർ പോരാടുമ്പോൾ മതേതര വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. അത്തരം നിലപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിൽ മാത്രം ചുരുങ്ങിയ സിപിഐഎമ്മും സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബിജെപിക്ക് ഗുജറാത്തിൽ കൂടുതൽ ഗുണം ചെയ്തു.
2011ലെ സെൻസസ് പ്രകാരം 95.17 ശതമാനം ഹിന്ദുമത വിശ്വാസികളുള്ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഭരണത്തുടർച്ചക്കായി അവിടെ വർഗീയത ആളികത്തിക്കാൻ ബിജെപി ശ്രമിച്ചിട്ടും അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനായി. മതേതര ജനാധിപത്യ വിശ്വാസികൾ കോൺഗ്രസിൽ അർപ്പിച്ച വിശ്വാസമാണ് എല്ലാത്തരം വർഗീയതയെും പരാജയപ്പെടുത്തി ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വിജയിക്കാനായതെന്നും സുധാകരൻ കൂട്ടിച്ചെർത്തു.