മാഡ്രിഡ്: ലോകകപ്പിലെ പുറത്താകലിനു പിന്നാലെ പരിശീലകൻ ലൂയിസ് എൻറിക്കെയെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് ടീം പുറത്തായതിനു പിന്നാലെയാണ് ഫെഡറേഷൻ്റെ നടപടി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ എൻറിക്കെ ഇക്കാര്യം അറിയിച്ചു.
പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. പ്രീക്വാർട്ടറിൻ്റെ മുഴുവൻ സമയത്തും അധികസമയത്തും സമനില ആയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിനായിരുന്നു മൊറോക്കൻ ജയം.
അണ്ടര്‍ 21 സ്‌പെയിന്‍ ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകന്റെ ചുമതലയേറ്റെടുത്തേക്കും. സ്പാനിഷ് ഫുട്‌ബോളിനായി പുതിയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ആര്‍.എഫ്.ഇ.എഫ് (സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാലത്ത് സ്പാനിഷ് ഫുട്‌ബോള്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമിനായി ലൂയിസ് എന്റിക്കെയും മറ്റ് കോച്ചുമാരും നല്‍കിയ സേവനത്തിന് റിപ്പോർട്ട് നന്ദിപറയുന്നു.
ലോകകപ്പിൽ സ്പെയിൻ്റെ കളിരീതിക്കെതിരെയും എൻറിക്കെയുടെ തന്ത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ശക്തമായിരുന്നു. സെർജിയോ റാമോസിനെ പരിഗണിക്കാതെ ടീം പ്രഖ്യാപിച്ച എൻറിക്കെ പല താരങ്ങളെയും സ്വാഭാവിക പൊസിഷനുകളിൽ നിന്ന് മാറ്റി കളിപ്പിച്ചു. പൊസിഷൻ ഫുട്ബോളിനു പരിഗണന നൽകിയായിരുന്നു സ്പെയിൻ്റെ കളി. എന്നാൽ, ഇത് ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. ഇത് മുതലെടുത്താണ് മൊറോക്കോ സ്പെയിനെ പൂട്ടിയത്. ഒരു ക്ലിനിക്കൽ സ്ട്രൈക്കറുടെ അഭാവം അവരെ കാര്യമായി ബാധിച്ചിരുന്നു.
2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെയായിരുന്നു ലൂയിസ് എന്റിക്കെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. 2020-ലെ യൂറോ കപ്പില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സെമി ഫൈനല്‍വരെ എത്തിയിരുന്നു.