മുംബൈ: 74 കാരിയായ അമ്മയെ മകന് ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിച്ചു. മുംബൈയിലാണ് സംഭവം. മകനെയും വീട്ടുജോലിക്കാരനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് സ്ത്രീയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അമ്മയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് പല തവണ അടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ഇരുവര്‍ക്കുമിടയില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിന്നീട് മൃതദേഹം റായ്ഗഡ് ജില്ലയിലെ നദിയില്‍ തള്ളിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഐപിസി 302( കൊലപാതകം) 201 (തെളിവ് നശിപ്പിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.