തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം
പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്. മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.