ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിൽ സജി ചെറിയാന് എംഎല്‍എയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പറയുക.
മലപ്പുറം സ്വദേശി ബിജു പി ചെറുമകന്, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന് എന്നിവരാണ് സജി ചെറിയനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെച്ചത് കൊണ്ട് പ്രശ്നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജി.
നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട കോടതി സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസും നീക്കം ആരംഭിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. എന്നാല്‍, കേസ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.