തിരുവനന്തപുരം: ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ വിവരങ്ങൾ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്ര അനുമതി വേണം. കേന്ദ്ര അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒപ്പിടാന്‍ മടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സറായുള്ള മല്ലികാ സാരബായിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. കലാരംഗത്ത് പാരമ്പര്യമുള്ളയാളാണ് മല്ലികാ സാരാബായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണറുടെ തുടര്‍ച്ചയായ യാത്രകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കും ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി പറഞ്ഞു. ആളുകള്‍ ക്ഷണിക്കുന്ന സ്ഥലങ്ങളില്‍ പോകാറുണ്ട്. ഇനിയും പോകും. ആവശ്യമെങ്കില്‍ തന്റെ യാത്രയുടെ മുഴുവന്‍ വിവരങ്ങളും നല്‍കും. സ്വന്തം കടമ നിര്‍വഹിക്കുന്നത് നിര്‍ത്തണോ എന്ന ചോദിച്ച ഗവര്‍ണര്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നത് പൊതുരംഗത്തുള്ളവരുടെ കടമയാണെന്നും കൂട്ടിച്ചേര്‍ത്തു.
ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്‍റെ തടസവാദങ്ങൾ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടു. ഗവർണറെ മാറ്റുന്നതിനോടല്ല ബദൽ സംവിധാനത്തോടാാണ് എതിർപ്പെന്ന നിർണായക നിലപാട് പ്രതിപക്ഷനേതാവ് സഭയിൽ വ്യക്തമാക്കി. ബില്ലിനെ എതിർത്തെങ്കിലും സഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി ഡി സതീശൻ പറഞ്ഞു.