ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്.
ഇതിന് 15 മീറ്ററോളം റെയില്‍വേ ഭൂമി വേണ്ടി വരും. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് നല്‍കിയത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങള്‍ കെ റെയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പദ്ധതിക്ക് അനുമതി നൽകുന്നത് സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചു മാത്രമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. ഇതുവരെ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തത്വത്തിൽ അംഗീകാരം നൽകിയത് ഡിപിആർ അടക്കം തയാറാക്കാനാണ്. ലോക്സഭയിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ മരവിപ്പിച്ചിരുന്നു. സിൽവർലൈൻ വേഗറെയിൽപാതയ്ക്കായി സാമൂഹികാഘാതപഠനം തുടരേണ്ടതില്ലെന്നു റവന്യുവകുപ്പ് രേഖാമൂലം അറിയിച്ചു. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിർദേശിച്ചു. സാമൂഹികാഘാത പഠനം തുടരാൻ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയിൽവേ ബോർഡിന്റെ അനുമതിക്കു ശേഷം മതിയെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.