മിർപൂർ: ഇന്ത്യക്കെതിരായ ഏകദിനത്തിൽ ബംഗ്ലാദേശിന് അഞ്ച് റൺസിന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി. ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ അര്‍ധ സെഞ്ചറി നേടി. പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ അവസാന പന്തുവരെ നിന്നടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരം പത്തിന് ചത്തോഗ്രമിൽ നടക്കും.
ഓപ്പണർമാരായ വിരാട് കോലിയും (ആറ് പന്തിൽ അഞ്ച്), ശിഖർ ധവാനും (പത്ത് പന്തിൽ എട്ട്) തുടക്കത്തിൽ തന്നെ പുറത്തായത് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി. ശ്രേയസ് അയ്യരുടെ രക്ഷാപ്രവർത്തനം ആദ്യ ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയര്‍ത്തി. 102 പന്തുകളിൽ 82 റൺസാണ് അയ്യർ നേടിയത്. മെഹ്ദി ഹസന്റെ പന്തില്‍ അഫിഫ് ഹുസൈന്‍ ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. വാഷിങ്ടൻ സുന്ദറിനും (19 പന്തിൽ 11), കെ.എൽ. രാഹുലിനും (28 പന്തിൽ 14) തിളങ്ങാനായില്ല. 56 പന്തിൽ 56 റൺസെടുത്ത ഓൾ റൗണ്ടർ അക്സർ പട്ടേലിനെ എബദത്ത് ഹുസൈന്റെ പന്തിൽ ഷാക്കിബ് അൽ ഹസൻ ക്യാച്ചെടുത്തു മടക്കി.
ബംഗ്ലാദേശിനായി ഇബാദത് ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസനും ഷക്കീബുല്‍ ഹസ്സനും രണ്ട് വിക്കറ്റ് വീതമെടുത്തു. മുസ്തഫിസുര്‍ റഹ്‌മാനും മഹ്‌മൂദുള്ളയും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. 69 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനായി ഏഴാം വിക്കറ്റില്‍ മഹ്‌മൂദുള്ളയും മെഹ്ദി ഹസ്സനും ഒത്തുചേരുകയായിരുന്നു. ഇരുവരും 148 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 83 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം മെഹ്ദി സെഞ്ചുറി പൂര്‍ത്തിയാക്കി. പുത്താകാതെയായിരുന്നു മെഹ്ദിയുടെ ഇന്നിങ്സ്. 96 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 77 റണ്‍സ് നേടിയ മഹ്‌മൂദുള്ള, മെഹ്ദിക്ക് മികച്ച പിന്തുണ നല്‍കി.
ഇന്ത്യക്കായി വാഷിങ്ടൻ സുന്ദർ പത്ത് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് പത്ത് ഓവറിൽ 73 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്തു. ഉമ്രാൻ മാലിക് പത്ത് ഓവറിൽ 58 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു.