കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ പ്രവേശന സമയത്തില്‍ ആണ്-പെണ് വിവേചനം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആണ്‍കുട്ടികളും രാത്രി ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം 9.30 ആക്കി നിജപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.
ഹോസ്റ്റല്‍ പ്രവേശന സമയത്തില്‍ നിയന്ത്രണം പാടില്ലെന്നാവശ്യപ്പെട്ടുള്ള പെണ്‍കുട്ടികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് ഹോസ്റ്റല്‍ പ്രവേശന സമയം ആണ്‍കുട്ടികള്‍ക്കും കർശനമാക്കിക്കൊണ്ടുള്ള ഉത്തരവ്. ഹോസ്റ്റല്‍ പ്രവേശനത്തിന് സമയപരിധി വെച്ചുകൊണ്ടുള്ള നിയന്ത്രണം പാടില്ലെന്ന പെണ്‍കുട്ടികളുടെ ആവശ്യം പരിഗണിക്കുന്നതിന് പകരം, ആണ്‍കുട്ടികളുടെ സമയംകൂടി വെട്ടിച്ചുരുക്കി പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.
ഹോസ്റ്റലുകളുടെ ഗേറ്റുകള്‍ രാത്രി 9.30 ന് അടക്കും. ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് മൂവ്മെന്റ് രജിസ്ട്രേഷന് സൂക്ഷിക്കണം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കാണ് 9:30 എന്ന സമയം കര്‍ശനമായി ബാധകമാവുക.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ 9.30 നുള്ളില്‍ തിരികേ പ്രവേശിക്കണമെന്നത് കര്‍ശനമാണ്. ഈ കാര്യത്തില്‍ കോളജ് അധികൃതരില്‍ നിന്ന് ലിംഗവിവേചനം ഉണ്ടാകരുത്. 9.3ന് ശേഷം തിരിച്ചെത്തേണ്ട സാഹചര്യമുണ്ടായാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താവിന്റെ കുറിപ്പ് വാര്ഡന് നല്‍കണം. കുറിപ്പില്‍ പറയുന്ന സമയത്തിനു ശേഷമാണ് തിരിച്ചെത്തുന്നതെങ്കില്‍ വിദ്യാര്‍ഥി മുവ്മെന്റ് രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. ആവശ്യമെങ്കില്‍ രക്ഷിതാവിനേയും വിവരം അറിയിക്കാം.
രണ്ടാം വര്‍ഷം മുതല്‍, വൈകി തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ ഐഡി കാര്‍ഡുകള്‍ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്മെന്റ് രജിസ്റ്ററില്‍ സമയം കാണിച്ച് ഒപ്പുവയ്ക്കുകയും ചെയ്തതിനുശേഷമേ അകത്തുപ്രവേശിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.