മധ്യപ്രദേശിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മധ്യപ്രദേശ് ബിട്ടുളിൽ തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ പ്രവർത്തകർ പറയുന്നത്. ഒരു സ്വകാര്യ കൃഷി സ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്.
400 അടി താഴ്ചയുള്ള കുഴൽ കിണറിൽ 60 അടി താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിയിരിക്കുന്നത്. മണ്ണ് നീക്കാനുള്ള യന്ത്രങ്ങൾ അപകട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജൻ നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് കുഴൽക്കിണർ നിർമിച്ചത്. വെള്ളം ലഭിക്കാതെ വന്നതോടെ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയതായാണ് സ്ഥലം ഉടമയുടെ വാദം.
















