ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് തൊട്ടുപിന്നാലെ നവജാതശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. അതേസമയം, ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുകള്‍ ആരോപിക്കുന്നു.
അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു. ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കി.
ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. എന്നാല്‍ കുഞ്ഞ് ജനിച്ചപ്പോഴെ ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ അമ്മയും മരിച്ചത്. രക്തസമ്മര്‍ദം താഴ്ന്നതാണ് മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.