തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലിന്റെ അവതരണത്തിന് അനുമതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അനുമതി നൽകിയത്.
ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നിരിക്കെയാണിത്. എട്ട് സർവകലാശാല ചട്ടങ്ങൾ ഇംഗ്ലീഷിൽ ആണ്. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം. താത്കാലിക വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയതാണ് ബിൽ.
ഭരണഘടനാ ചുമതലകളുള്ള ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണഘടനയിൽ പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് സർക്കാർ പറഞ്ഞു. ഗവർണർ പദവിയെ വിവാദങ്ങളിലേക്കോ പൊതു വിമർശനങ്ങളിലേക്കോ വിധേയമാക്കുന്ന സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലാത്തതിനാലാണ് അദ്ദേഹത്തെ ചാൻസലർ പദവിയിൽ മാറ്റാൻ നിയമനിർമാണം കൊണ്ടുവരുന്നത്.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ആണ് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുക. രണ്ട് ബില്ലുകളായാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നത്.
ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ സർവകലാശാല ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയോടെയാണ് ബിൽ. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ബിൽ സഭയിൽ അവതരിപ്പിക്കുക.
ഉദ്യോഗത്തിൽ പ്രവേശിക്കുന്നതു മുതൽ അഞ്ചു വർഷത്തേക്കായിരിക്കും ചാൻസലറുടെ കാലാവധി. ഒരു അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ടാവും. പ്രതിഫലം പറ്റാത്ത ഓണററി സ്ഥാനമായാണ് ചാൻസലർ പദവിയെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.