ന്യൂഡല്‍ഹി: ലാവലിന്‍ ഹര്‍ജികള്‍ നാളെയും സുപ്രീംകോടതി പരിഗണിക്കില്ല. കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ നടപടിക്രമം നിലവില്‍വന്നതിനാലാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ കാലതാമസം ഉണ്ടായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 20-നാണ് ലാവലിന്‍ ഹര്‍ജികള്‍ അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യുടെത് ഉള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.
ഡിസംബര്‍ ഏഴിന് ഹര്‍ജികള്‍ പരിഗണിക്കാനായി മാറ്റുന്നുവെന്നാണ് അന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തിയത്. ലിസ്റ്റിങ്ങിനുള്ള പുതിയ നടപടിക്രമങ്ങള്‍ പ്രകാരം നോട്ടീസ് അയച്ച ശേഷം വിശദമായ വാദം കേള്‍ക്കേണ്ട കേസുകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ലിസ്റ്റ് ചെയ്യില്ല.
ലാവലിന്‍ ഹര്‍ജികള്‍ വിശദ വാദം കേള്‍ക്കേണ്ട ഹര്‍ജികളുടെ പട്ടികയിലാണെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.