തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരേ എല്‍ഡിഎഫ് നടത്താനിരുന്ന പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്. വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്.
നാളെ രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്. ജാഥയുടെ ഉദ്ഘാടനം വര്‍ക്കലയില്‍ നടന്നിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എൽഡിഎഫിന്‍റെ പ്രചാരണ ജാഥ. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം 140 ആം ദിനം പിന്നിട്ട ഇന്നാണ് സമവായമായത്. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി.
സമരം ഒത്തുതീര്‍പ്പാക്കാന്‍, മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഒഴികെ ബാക്കിയെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് തത്കാലം പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.
വാടക 8,000 ആയി ഉയര്‍ത്തണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായി ഫാ. യൂജിന്‍ പെരേര പറഞ്ഞു. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണമെന്നും അദാനി ഫണ്ട് വേണ്ടെന്നുമുള്ള സമരക്കാരുടെ നിലപാടും സര്‍ക്കാര്‍ അംഗീകരിച്ചു. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണം അടക്കമുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാകുകയായിരുന്നുവെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.
വിഴിഞ്ഞത്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍
1. മത്സ്യത്തൊഴിലാളികള്‍ക്ക് 635 സ്‍ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വീട്
2. ഓരോ ഫ്ലാറ്റുകളിലും ആവശ്യത്തിന് സ്ഥലവും സൗകര്യവും ഉറപ്പാക്കും
3. ഒന്നരക്കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും
4. രണ്ട് മാസത്തെ വാടക മുന്‍കൂറായി നല്‍കും.
5. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കും