ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും നിയമസഭാംഗവുമായ കെ. കവിതയെ സി.ബി.ഐ ഡിസംബർ 11-ന് ചോദ്യം ചെയ്യും. ഡിസംബർ 11 മുതൽ 15 വരെ താൻ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കവിത സി.ബി.ഐയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മദ്യനയക്കേസുമായി ബന്ധപ്പെട്ട് കവിതയെ നിരീക്ഷിച്ചുവരികയാണ്. ഡൽഹി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ എക്സൈസ് പോളിസി അഴിമതി നടന്ന കാലത്ത് കവിത തന്റെ ഫോണുകളും ഫോൺ നമ്പറും മാറ്റിയെന്ന് ഇ.ഡി ആരോപിച്ചിരുന്നു.
അതേസമയം ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. കേസിൽ തന്നെ അപകീർത്തിപ്പെടുത്താൻ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുകയാണെന്ന് പറഞ്ഞ കവിത ബി.ജെ.പി നേതാക്കളായ എം.പി പർവേശ് ശർമ, മജീന്ദർ സിർസ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞിരുന്നു.