തിരുവനന്തപുരം: പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. കലാരംഗത്തെ പ്രമുഖരായ വൃക്തികളെ ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കുമെന്ന് മുന്‍പ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കലാമണ്ഡലം ചാന്‍സിലര്‍ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു.
പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലറായ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനായിരുന്നു ചാൻസലറുടെ ചുമതല. 75 വയസാണ് ചാൻസലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ.
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന് വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .