കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുത്. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണ്. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
എന്‍ഹാന്‍സ് ഏവിയേഷന്‍ എന്ന സ്വകാര്യസ്ഥാപനം എറണാകുളത്തുനിന്നും ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വാഗ്ദാനം ചെയ്ത് പരസ്യം നല്‍കിയ സംഭവത്തില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തില്‍ സ്ഥാപനത്തോടും സര്‍ക്കാരിനോടും വിശദീകരണം തേടിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
















