ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ ഡോ. അംബേദ്കര്‍ പോസ്റ്റര്‍ വിവാദത്തില്‍. കാവി ഷര്‍ട്ട് ധരിച്ച, നെറ്റിയില്‍ ഭസ്മം പൂശിയ അംബേദ്കറുടെ ചിത്രമാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ പോസ്റ്ററിലുള്ളത്. ബിആർ അംബേദ്കർ ഒരു കാവി പ്രേമിയായിരുന്നുവെന്ന് ഹിന്ദു അനുകൂല സംഘടനയുടെ വക്താവ് പറഞ്ഞു.
ഈ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഡോ. അംബേദ്കറെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന്, ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് വിടുതലെ ചിരുതൈകള്‍ കച്ചി നേതാവും പാര്‍ലമെന്റ് അംഗവുമായ തൊല്‍കാപ്പിയന്‍ തിരുമാവളവന്‍ കുറ്റപ്പെടുത്തി.
പോസ്റ്റര്‍ ഡോ. അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. അംബേദ്കറെ ഹൈന്ദവവല്‍ക്കരിക്കാന്‍ ശ്രമിച്ച മതഭ്രാന്തന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.