കൊച്ചി : മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
ശ്രീറാം വെങ്കിട്ടരാമന് നല്കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. കേരളത്തില്‍ ചര്‍ച്ചാവിഷയമായ കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ലെന്നും നരഹത്യയെന്നതിന് തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.