തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒൻപതാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ ശക്തി കൂടി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഇത് ചുഴലിക്കാറ്റായി ഈ മാസം എട്ടിന് രാവിലെയോടെ ബംഗാൾ ഉൾക്കടലിന് സമീപത്ത് എത്തിച്ചേരാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഒൻപതിന് കനത്ത മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
ഇടിമിന്നൽ മുന്നറിയിപ്പ് സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.
ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.തുറസായ സ്ഥലത്തും, ടെറസിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.