തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്ന പരിഹാരത്തിനു മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലെ നിര്‍ദേശങ്ങളോടു സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്നു നിലപാട് അറിയിക്കും. രാവിലെ ലത്തീന്‍ രൂപതയിലെ വൈദികരുടെ സമ്മേളനവും തുടര്‍ന്ന് സമരസമിതിയുടെ യോഗവും നടക്കും. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളില്‍ ധാരണയായാല്‍ മന്ത്രിതല സമിതി സമരക്കാരുമായി ചര്‍ച്ചനടത്തും.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ പലതിലും ധാരണയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മന്ത്രിസഭാ ഉപസമിതിയുടെ നീക്കം. ഈ ചര്‍ച്ച വിജയിച്ചാല്‍ മുഖ്യമന്ത്രി സമരക്കാരെ കണ്ടേക്കും.തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. എന്നാല്‍ തീരശോഷണത്തെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് 5500 ല്‍ നിന്നും 8000 ആക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനായിരുന്നു നീക്കം. ഇതിനെയും സമരസമിതി എതിര്‍ത്തു.
സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ വരെ തയ്യാറെന്ന സൂചനയും സമരസമിതി നല്‍കുന്നുണ്ട്.