മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സമസ്ത അനുയായികൾക്കിടയിൽ കലാപത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്.
ഹക്കീം ഫൈസിക്കും അനുയായികളായ 12 പേര്‍ക്കും എതിരെയാണ് കേസ്. ആഴ്ചകള്‍ക്ക് മുമ്പ് ചേര്‍ന്ന സമസ്ത കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ആണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങള്‍ വഴി സമസ്തയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നു, നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നു, സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹക്കീം ഫൈസിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ഇവ ചൂണ്ടിക്കാട്ടി മുമ്പ് ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഉമ്മർകോയ എന്ന പ്രൊഫൈലിൽ എഴുതുന്ന ആളാണ് കേസിൽ ഒന്നാം പ്രതി. 16.07.2022 മുതൽ ഒന്നാം പ്രതി സമസ്തയുടെ ഔദ്യോഗിക പതാകയും മുൻ ജനറൽ സെക്രട്ടറിയുടെ ചിത്രവും ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ സംഘടനയെയും നേതാക്കളെയും പണ്ഡിതൻമാരെയും പറ്റി സമസ്തയുടെ പേരിൽ തെറ്റായതും വ്യാജമായതുമായ വാർത്തകൾ നൽകുകയും രണ്ടാം പ്രതിയായ ഹക്കീം ഫൈസി അതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മൂന്ന് മുതൽ 12 വരെയുള്ള പ്രതികൾ ഒന്നാം പ്രതിയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയർ ചെയ്തും അനുയായികൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും എഫ്.ഐ.ഐആറിൽ പറയുന്നു.