തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ രംഗത്തിറക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഡിസംബര്‍, ജനുവരി മാസത്തില്‍ 10 ബസുകള്‍ കൂടി പുറത്തിറക്കും. ഇതോടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി 50 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് നിരത്തിലുണ്ടാവുക.
സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി സ്ഥിരം സംവിധാനവും കെ.എസ്.ആര്‍.ടി.സി. സ്ഥാപിച്ചു. കിഴക്കേകോട്ട സിറ്റി യൂണിറ്റിലാണ് കെ.എസ്.ആര്‍.ടി.സി. പുതിയതായി സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്. കെ.എസ്.ആര്‍.ടി.സി. 99,18,175 രൂപ ചെലവഴിച്ചതോടൊപ്പം 81,33,983 രൂപ കെ.എസ്.ഇ.ബി.ക്ക് അടച്ചതുമുള്‍പ്പെടെ 1,80,52,158 രൂപ ചെലവഴിച്ചാണ് ഒരേസമയം നാല് ബസുകള്‍ക്ക് അതിവേഗം ചാര്‍ജ് ചെയ്യാവുന്ന സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്.
ഇതോടെ വൈദ്യുതി തടസ്സങ്ങളില്ലാതെ മികച്ച രീതിയില്‍ ചാര്‍ജ് ചെയ്യാനാകും. നാല് ബസുകള്‍ ഒരേസമയം ഒരു ചാര്‍ജിങ് ഗണ്‍ ഉപയോഗിച്ച് സ്ലോ ചാര്‍ജിങ്ങും രണ്ട് ഗണ്‍ ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാര്‍ജിങ്ങും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാര്‍ജിങ് ചെയ്യുക. പകല്‍ സമയം അതിവേഗം ചാര്‍ജും ചെയ്യാന്‍ സാധിക്കും.