പത്തനംതിട്ട: കെഎസ്ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ് റൂട്ടിൽ ബസുകളുടെ എണ്ണം 189 ആയി വർധിപ്പിച്ചു. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വർധിച്ചതോടെയാണ് വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിച്ചത്. നേരത്തെ 171 ബസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ട് ദിവസത്തിനകം 15 എസി ലോ ഫ്ലോർ ബസുകൾ കൂടി എത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.
നിലവിലെ 189 ബസുകളിൽ 45 എണ്ണം എ.സി ലോ ഫ്ലോർ ബസുകളാണ്. ആകെ ബസുകളിൽ മൂന്നിൽ ഒരു ഭാഗം എ.സിയാണ്. ഡിസംബർ 5 ന് മാത്രം 2,055 റൗണ്ട് സർവീസുകളാണ് ഇരു ഭാഗത്തേക്കുമായി കെ.എസ്.ആർ.ടി.സി നടത്തിയത്.
മണ്ഡലകാലം തുടങ്ങിയ ശേഷം നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ നിന്ന് മാത്രം കെ.എസ്.ആർ.ടി.സി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. ഡിസംബർ 5 വരെയുള്ള കണക്കാണിത്. നവംബർ 30 വരെയുള്ള കാലയളവിൽ ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേർ ശബരിമലയിൽ എത്തി. നിലയ്ക്കൽ-പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.