താജ് മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളാണോ തെറ്റായ വസ്തുതകൾ തീരുമാനിക്കുന്നതെന്നു കോടതി ചോദിച്ചു.
ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് ഈ വസ്തുതകൾ തെറ്റാണോ ശരിയാണോയെന്ന് എങ്ങനെ തീരുമാനിക്കാനാവും എന്ന് ഡിവിഷൻ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ഇതോടെ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും ഹർജി പിൻവലിക്കുകയാണെന്നും ഹർജിക്കാരൻ അറിയിച്ചു.