ടെഹ്റാൻ: രാജ്യത്തെ മതകാര്യ പൊലീസ് പിരിച്ചു വിട്ട് ഇറാൻ. നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ അറിയിച്ചു. മഹ്സ അമീനിയുടെ കൊലപാതകത്തെ തുടർന്ന് രണ്ടു മാസത്തിലധികമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
ശിരോവസ്ത്ര നിയമം സംബന്ധിച്ച് പാർലമെൻറും പരമോന്നത ആത്മീയ നേതൃത്വവും ചർച്ച നടത്തുകയാണെന്നും രണ്ടാഴചക്കുളളിൽ ഇതു സംബന്ധിച്ച തീരുമാനം വരുമെന്നും ഇറാൻ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. സെപ്തംബര്‍ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയില്‍ എടുത്തത്.
അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മതശാസനം പരസ്യമായി ലംഘിച്ചു കൊണ്ട് തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു. പ്രതീകാത്മകമായി മുടി മുറിച്ചു.
പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് നേരെ അതിക്രൂര ആക്രമണങ്ങൾ അഴിച്ചു വിട്ടാണ് ഭരണകൂടം പ്രതികരിച്ചത്. കുട്ടികളുൾപ്പടെ 378 പേരെ സുരക്ഷാസേന കൊലപ്പെടുത്തി.
അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇര്‍ഷാദ് നിര്‍ത്തലാക്കുന്നത്. ഇറാനില്‍ ഇസ്ലാമിക നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ചുമതലപ്പെടുത്തിയ മത പൊലീസാണ് ഗഷ്ത്-ഇ ഇര്‍ഷാദ്. തിരക്ക് നിറഞ്ഞ തെരുവുകള്‍, ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകളില്‍ എന്നിവിടങ്ങളില്‍ നിലയുറപ്പിക്കുന്ന ഇവര്‍ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മര്‍ദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെയാണ് ഇറാനില്‍ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതല്‍ അഞ്ച് ലക്ഷം വരെ ഇറാനിയന്‍ റിയാലും പിഴയായി നല്‍കേണ്ടി വരും. 74 ചാട്ടയടി വേറെയും.