കൊച്ചി: ശബരിമലയിലേക്ക് അധിക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഹൈക്കോടതി നിര്‍ദേശം. പമ്പയിലെയും നിലക്കലിലെയും തിരക്കു കുറയ്ക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഇതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധിക ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി പറഞ്ഞു.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇവരെ ബസ്സിന്റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നിലയ്ക്കല്‍ – പമ്പാ ബസ് പാതയില്‍ സൗജന്യ വാഹന സൗകര്യം ഒരുക്കാമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച നോട്ടീസിൽ മറുപടി നല്‍കണമെന്നാണ് ആവശ്യം. സാമ്പത്തിക – ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തര്‍ക്ക് സൗജന്യമായി യാത്ര ഒരുക്കുമെന്നാണ് വിഎച്ച്പി അറിയിച്ചത്. ജസ്റ്റീസ് അനില്‍ നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്മാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം നേരത്തെ രംഗത്തെത്തിയിരുന്നു. സർക്കാർ വകുപ്പുകൾ അനുവാദം തന്നാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ ഈ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു.
നിലയ്ക്കലിലെയും പമ്പയിലെയും ബസുകളില്‍ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ല. അഞ്ചുമിനിറ്റ് കൂടുമ്പോഴാണ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തിരക്കു കാരണം ശബരിമലയിലെത്തുന്ന മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദൂരദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെയും ഇത് വലിയ തോതില്‍ വലയ്ക്കുന്നു. ഉള്ള ബസ്സുകളില്‍ത്തന്നെ തീര്‍ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകേണ്ട അവസ്ഥയുമാണ്. ഇതോടെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ അടിയന്തരമായ നടപടി ആവശ്യപ്പെട്ട് ഇടപെട്ടത്.