തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി പറഞ്ഞ് മുഖ്യസാക്ഷി പ്രശാന്ത്. സഹോദരന്‍ പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ചതെന്ന് പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് തന്നെ നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പ്രശാന്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി.
അതേസമയം, സാക്ഷി മൊഴി മാറ്റാനിടയായ സാഹചര്യം വ്യക്തമല്ലെന്നും പ്രശാന്തിന്റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്ക് അപേക്ഷ നല്‍കിയതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
2018 ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.