ദോഹ: നിര്‍ണായക മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വെയുടെ മുന്നില്‍ രണ്ട് ഗോളിന് തോറ്റ ഘാന പ്രീ ക്വാര്‍ട്ടര്‍ കാണാതെ പോയി. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ, പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ചതോടെ ഉറുഗ്വെയും പുറത്തേക്ക്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ പ്രീ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ആറ് പോയിന്റുമായി ഒന്നാമത്.
യുറഗ്വായെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന ഘാനയ്ക്ക് പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഫലമോ യുറഗ്വായ്ക്കൊപ്പം അവരും പുറത്തേക്ക്. കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമം. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
ആദ്യ പകുതിയില്‍ ആറ് മിനിറ്റിനിടെ ജ്യോര്‍ജിയന്‍ ഡി അരാസ്കെയറ്റ നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ല. 26-ാം മിനിറ്റില്‍ യുറഗ്വായുടെ ആദ്യ ഗോളെത്തി. പെല്ലിസ്ട്രി ബോക്സിലേക്ക് നല്കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റില്‍ അരാസ്കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്കിയ പന്ത് ഡാര്വിന് ന്യൂനെസ് തട്ടി സുവാരസിന് നല്കി. സുവാരസ് നല്കിയ പന്തില്‍ നിന്നുള്ള അരാസ്കേറ്റയുടെ ഷോട്ട് വലയില്‍. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു. കൊറിയ രണ്ടാം ഗോളും നേടിയതോടെ ഉറുഗ്വെ പുറത്തേക്ക്.