തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പോലീസും ആക്രമിക്കപ്പെട്ടു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ടുവെന്നും മുരളീധരൻ പരിഹസിച്ചു.
200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പറ്റുന്നില്ലെങ്കില്‍ രാജിവച്ചൊഴിയണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഗവര്‍ണറെ കരിവാരിതേക്കുക മാത്രമാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും ലക്ഷ്യം. ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി കത്ത് നല്‍കിയതല്ല, രാജ്ഭവനില്‍ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു.
മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ദുഷ്പ്രചാരണം നടത്തുകയാണ്. കോവിഡ് പ്രതിരോധത്തില്‍ നടന്ന പിആര്‍ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നും മന്ത്രി ചോദിച്ചു.