റായ്പൂർ: ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മന്ത്രിസഭയിലെ പ്രമുഖ ഉദ്യോഗസ്ഥയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയ്ക്കെതിരെ ഇ.ഡി നടപടി. സാമ്പത്തിക തട്ടിപ്പുകേസിലാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ നടത്തിയ റെയ്ഡിൽ 100 കോടി രൂപയുടെ ഹവാല പണം കണ്ടെത്തിയതായി കഴിഞ്ഞ വർഷം ജൂണിൽ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. 2020 ഫെബ്രുവരിയിൽ ചൗരസ്യയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അറസ്റ്റ്.
കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡിനെ “രാഷ്ട്രീയ പ്രതികാരം’ എന്ന് വിളിക്കുകയും തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അവകാശപ്പെടുകയും ചെയ്തിരുന്നു.