തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നൽകി. സമരത്തിന്റെ പരാജയ ഭീതിയിൽ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം പൊതുമേഖലയിൽ നടത്തണം എന്ന് സിപിഐഎം പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി അത് അദാനിക്ക് നൽകി. ഇന്ന് എതിർത്ത പുരോഹിതർ അന്ന് അതിനെ അനുകൂലിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമ്പതിനായിരം കോടിയുടെ വ്യവസായ ഇടനാഴി വരും. അത് തിരുവനന്തപുരത്തിന്റെ മുഖം മാറ്റും. വിഴിഞ്ഞം സംഘർഷത്തിലൂടെ വെടിവയ്പ്പാണ് അവർ ഉദ്ദേശിച്ചത്. പൊലീസ് നെല്ലിപലക കണ്ടിട്ടും ആത്മ സംയമനം പാലിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.
മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ എം.വി.ഗോവിന്ദന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഫാദര്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്ക് പോലും വില കല്‍പ്പിക്കാത്ത പ്രസ്താവനയാണ് അബ്ദുറഹ്മാനെതിരെ നടത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യന്റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിംപേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള ഒരാളാകണം. വികൃതമായ ഒരു മനസ്സ്. അതാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
രൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പറഞ്ഞ് ആദ്യം ഇറങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ഇത് കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ തങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പൊതുമേഖലയിലേക്ക് കൊടുക്കാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്. അദാനിക്ക് കൊടുക്കുന്നതിലായിരുന്നു തങ്ങളുടെ എതിര്‍പ്പ്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് സ്വകാര്യമേഖലയ്ക്ക് തന്നെ നല്‍കി. അതിന്റെ പിന്നിലുള്ള അഴിമതി സംബന്ധിച്ചും തങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ അവിടെ പണി നടക്കുകയാണ്. എങ്ങനെയാണ് പദ്ധതിയോട് നിലപാട് സ്വീകരിക്കേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിന്നീട് വരുന്ന സര്‍ക്കാരും എടുക്കേണ്ടതെന്ന തീരുമാനത്തില്‍ പദ്ധതി തുടരുന്നതിന് അനുകൂലിച്ച് എല്ലാ പിന്തുണയും നല്‍കി.
മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഒരു ഘട്ടത്തില്‍ അവിടെ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹാരിക്കാനാവശ്യമായത് സര്‍ക്കാര്‍ ചെയ്തു. ഏഴില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചു. അവശേഷിക്കുന്ന കാര്യം വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടരരുത് എന്നാണ്. അതിനോട് യോജിക്കാനാകില്ല. നമ്മുടെ വളര്‍ച്ചയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതിയായതിനാല്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.