ഡിമേന്‍ഷ്യ എന്ന രോഗാവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ്. ഈ ന്യൂറോളജിക് ഡിസോര്‍ഡറിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു. വളരെ സാവാധാനമാണ് ഈ രോഗം നമ്മുടെ തലച്ചോറിനെ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നാം അല്‍ഷിമേഴ്സ് തിരിച്ചറിയാതെ പോകാറുണ്ട് എന്നത് വിഷമമുള്ള കാര്യം തന്നെയാണ്.
എന്നാല്‍ ഈ രോഗം ബാധിക്കുന്നതിലൂടെ കാലക്രമേണ ഒരു മനുഷ്യന്റെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം വരുകയും സ്വതന്ത്രമായി ജീവിക്കാനുള്ള അവന്റെ കഴിവ് നഷ്ട്ടപെടുകയും ചെയ്യുന്നു. തലച്ചോറില്‍ ചില അസാധാരണ പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നത് അല്‍ഷിമേഴ്‌സ് രോഗത്തിലേക്ക് നയിക്കുന്നു. അടിഞ്ഞുകൂടുന്ന അമിലോയ്ഡ് പ്രോട്ടീനുകളും ടൗ പ്രോട്ടീനുകളും കോശങ്ങളെ ഇല്ലാതാക്കുന്നു.
അതേസമയം, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നമുക്ക് ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. അല്‍ഷിമേഴ്‌സ് രോഗം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം…..
1. പുകവലിയുടെ ഉപയോഗം കുറയ്ക്കുക
പുകയില മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്നു. പുകവലിയിലൂടെ അപകടകാരികളായ രാസപദാര്‍ത്ഥങ്ങള്‍ പെട്ടന്ന് തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തത്തിലൂടെ എത്തുന്നു. പുകവലിയുടെ ഉപയോഗം കുറയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
2. മദ്യപാനം ഒഴിവാക്കാം
ദീര്‍ഘനേരം അമിതമായി മദ്യം കഴിക്കുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കുകയും ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യംപാനം ഒഴിവാക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു.
3. ഭക്ഷണക്രമം
ഉയര്‍ന്ന പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെയും ഉപ്പിന്റെയും അമിത ഉപയോഗം എന്നിവ കുറയ്ക്കുക. പകരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിച്ചുകൊണ്ട് മസ്തിഷ്‌കത്തെ സംരക്ഷിക്കാം.
4. വ്യായാമം
കൃത്യമായ വ്യായാമം വ്യക്തികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കും.
5. കൃത്യമായ ആരോഗ്യ പരിശോധനകള്‍
നല്ല ജീവിതശൈലിയും ഭക്ഷണക്രമവും, കൃത്യമായ ആരോഗ്യ പരിശോധനകളും വഴി അല്‍ഷിമേഴ്സ് തടയാന്‍ കഴിയില്ലെങ്കിലും രോഗത്തിന്റെ ഗതിവേഗം കുറയ്ക്കാന്‍ സാധിക്കും. രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ കൃത്യമായ പരിചരണവും മരുന്നുകളും നല്‍ക്കാന്‍ കഴിയും.