തിരുവനന്തപുരം നഗരത്തിൽ കോഫി ഷോപ്പുള്ള കെഎസ്ആർടിസി ബസുകൾ.ഇതിനായി കെഎസ്ആർടിസിയുടെ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഉടൻ രംഗത്തിറങ്ങും. കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് ലഘു ഭക്ഷണവും കഴിച്ചു കൊണ്ടാണ് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കാണാൻ അവസരമൊരുങ്ങുന്നത്.
ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകൾ വാങ്ങാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേർന്നാണ് ബസുകൾ വാങ്ങുന്നത്. ഡിസംബർ ആറാം തീയതി വരെ ടെൻഡർ സമർപ്പിക്കാം. മേൽക്കൂരയോടും അതില്ലാതെയും സഞ്ചരിക്കാൻ കഴിയുന്നതാകും ഈ ബസുകൾ. ഇലക്ട്രിക് ബസിൻ്റെ മേൽക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാൻ കഴിയുന്നതായിരിക്കണമെന്ന് ടെൻഡറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വർഷത്തെ പരിപാലന ചുമതലയും ടെൻഡർ എടുക്കുന്ന കമ്പനിക്കായിരിക്കും. രണ്ട് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ- ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്- അതുവരെ വാറൻ്റിയും കരാറുകാരൻ നൽകണം. മരങ്ങളുടെ ചില്ലകളും മറ്റും തട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ വശങ്ങളിൽ വിൻഡ് ഷീൽഡുകൾ സ്ഥാപിക്കണമെന്നും ടെൻഡർ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങുന്ന ബസുകളുടെ താഴത്തെ നിലയെ റസ്റ്റോറൻ്റായി മാറ്റും. ഫ്രിഡ്ജ്, മൈക്രോവേവ് ഒവൻ, ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാൻ സ്ഥലം എന്നിവ ബസിലുണ്ടാകും. മാത്രമല്ല കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ബസിൻ്റെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കും. ഈ ബസുകൾക്ക് 9.7 മീറ്റർ നീളവും 4.75 മീറ്റർ വീതിയുമുണ്ടാകും. 66 സീറ്റുകളായിരിക്കും ബസിനുള്ളിൽ സജ്ജീകരിക്കുക. ജിപിഎസ് സംവിധാനത്തോടെയുള്ള അനൗൺസ്‌മെൻ്റും ബസിലുണ്ടാകും. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ,ബംഗാളി,മറാത്തി ഭാഷകളിൽ ഡിജിറ്റൽ ബോർഡും ബസിൻ്റെ മുന്നിലും പിന്നിലും വശങ്ങളിലുമുണ്ടാകും. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 120 കിമീ ദൂരം ബസ് സഞ്ചരിക്കും.